വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ 10 മിനിറ്റോളം കുട്ടി..അറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ..നാലടിയോളം താഴ്ചയുള്ള കുഴിയിൽ നിന്ന്…
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ മൂന്ന് വയസ്സുകാരൻ 10 മിനിറ്റോളം വീണുകിടന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നയാൾ. നാലടിയോളം താഴ്ചയുണ്ട് മാലിന്യക്കുഴിക്ക്. കുട്ടിയെ പുറത്തടുത്ത ഉടനെ സിപിആർ കൊടുത്തു. മാലിന്യം നിറഞ്ഞ വെള്ളം പുറത്തുവന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് കളിക്കുകയായിരുന്നു റിദാൻ. തുടർന്ന് മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ കളിച്ചുകൊണ്ടിരിക്കെ കാണാതായതോടെ സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ സഹായത്തോടെ മാതാപിതാക്കൾ സിസിടിവി ക്യാമറ പരിശോധിച്ചു. കുട്ടി കുഴിയിൽ വീണെന്ന് അപ്പോഴാണ് മനസ്സിലായത്. അപ്പോഴേക്കും പൊലീസും കാർഗോ ജീവനക്കാരും എത്തി ഉടൻ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്നാണ് സിയാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ കുഴി എന്തുകൊണ്ട് മൂടിയിട്ടില്ല എന്നാണ് ഉയരുന്ന ചോദ്യം. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുമില്ല.