മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകം

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ മുൻ കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ തീവെപ്പിൽ വെന്തുമരിച്ച എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമെന്നാണ് മുഖ്യമന്ത്രി കുറിച്ചത്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രി അടക്കം 69 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവൻ പോലും ബലികൊടുത്ത് സംഘപരിവാർ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ പോരാടിയവരാണ് എഹ്സാൻ ജാഫ്രിയും സാകിയ ജാഫ്രിയും എന്ന് മുഖ്യമന്ത്രി ഓർമിച്ചു. വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾക്ക് ഇവരുടെ ജീവിതം എക്കാലവും പ്രചോദനമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി



