ദന്താശുപത്രിയിൽ നിന്ന് നൽകിയ ഉപ്പുവെള്ളം വില്ലനായി..ചികിത്സ തേടിയവർക്ക് തലച്ചോറിൽ മാരക അണുബാധ.. എട്ടുപേർ മരിച്ചു…

ദന്താശുപത്രിയിൽ ചികിത്സ തേടിയ എട്ടുപേർ തലച്ചോറിൽ മാരകമായ അണുബാധയാൽ മരിച്ചതായി വെളിപ്പെടുത്തൽ. ന്യൂറോമെലിയോയിഡോസിസ് എന്ന അണുബാധയാണ് മരണകാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിയിലുള്ള ദന്താശുപത്രിയാണ് അണുബാധയുടെ ഉറവിടം. വടക്കൻ തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ, റാണിപേട്ട്, കൃഷ്ണഗിരി, തിരുവണ്ണാമലൈ എന്നീ ജില്ലകളിൽനിന്ന് ന്യൂറോമെലിയോയിഡോസിസ് ലക്ഷണങ്ങളുള്ള 21 പേരെ കണ്ടത്തി. ഇതിൽ പത്തുപേരും വാണിയമ്പാടിയിലെ ദന്താശുപത്രിയിൽ ചികിത്സ തേടിയവരായിരുന്നു.

രോഗികൾക്ക് വായ കഴുകാൻ നൽകിയ മലിനമായ ഉപ്പുവെള്ളത്തിൽ നിന്നാണ് രോഗബാധ. ഇതിലെ ബർഖോൾഡേറിയ സ്യൂഡോമല്ലി എന്ന ബാക്ടീരിയയാണു വില്ലൻ. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ന്യൂറോ മെലിയോയിഡോസിസ്. പനി, തലവേദന, അവ്യക്തമായ സംസാരം, മുഖം ഒരു ഭാഗത്തേക്ക് കോടൽ, മങ്ങിയ കാഴ്ച എന്നിവയാണ് ലക്ഷണങ്ങൾ. ഈ ബാക്ടീരിയ വായിൽനിന്ന് തലച്ചോറിലേക്ക് അതിവേഗമെത്തി മരണത്തിനിടയാക്കിയെന്നാണ് പഠനത്തിലെ വെളിപ്പെടുത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, തമിഴ്നാട് ആരോഗ്യവകുപ്പ്, ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ തുടങ്ങിയ ഇടങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധസംഘമാണ് പഠനം നടത്തിയത്.

രോഗം ബാധിച്ച എട്ടു പേരും 17 ദിവസത്തിനുള്ളിൽ മരിച്ചു. അതിജീവിച്ച 12 പേരിൽ എട്ടുപേർക്ക് ഭാഗികമായി പക്ഷാഘാതം, സംസാര പ്രശ്നങ്ങൾ, ഗുരുതരമായ നാഡീക്ഷതം എന്നിവ ഉണ്ടായിരുന്നു. നാല് രോഗികൾക്ക് മാത്രമേ പൂർണസുഖം പ്രാപിക്കാനായിട്ടുള്ളൂ.
2023-ൽ വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ ഒരുകൂട്ടം രോഗികളിലാണ് ന്യൂറോമെലിയോയിഡോസിസ് അവസ്ഥ കണ്ടെത്തിയത്. തുടർന്ന് രോഗത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ദന്താശുപത്രിയുടെ അനാസ്ഥയാണെന്നു കണ്ടെത്തിയത്.

Related Articles

Back to top button