കസ്റ്റംസ് ക്വാട്ടേഴ്സിലെ കൂട്ടമരണം; അന്വേഷണം കേരളത്തിന് പുറത്തേക്കും… മരണ കാരണം..

Central excise officer family death

കൊച്ചി കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കേന്ദ്ര ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. മനീഷിന്റെ സഹോദരി ശാലിനി വിജയ്ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം. കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്‍മോർട്ടം ചെയ്യും.

കേന്ദ്ര ജിഎസ്ടി വകുപ്പിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയിയുടേയും കുടുംബത്തിന്റെയും മരണത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കുകയാണ് പൊലീസ്. ജാർഖണ്ഡിൽ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയായിരുന്ന മനീഷിന്റെ സഹോദരി ശാലിനി വിജയ് ജാർഖണ്ഡിൽ സിബിഐ അന്വേഷണം നേരിട്ടിരുന്നു. 2006 ൽ ശാലിനി അടക്കമുള്ളവ‍ർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു സിബിഐ അന്വേഷണം. വരുന്ന ശനിയാഴ്ച്ച ഈ കേസിൽ ശാലിനിയോട് അന്വേഷണ സംഘം ഹാജരാകാനും ആവശ്യപ്പെട്ടു. ജാർഖണ്ഡിലേക്ക് പോകാനെന്ന പേരിൽ മനീഷ് അവധിയെടുത്തെങ്കിലും കുടുംബം കാക്കാനാട്ടെ ക്വാർട്ടേസിൽ തുടർന്നു. ഇതിനിടെയാണ് വീട്ടിൽ മനീഷിനെയും ശാലിനിയെയും അമ്മ ശകുന്തള അഗർവാളിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

അമ്മയുടേത് സ്വാഭാവിക മരണമോ കൊലപാതകമോ എന്നത് പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം വ്യക്തമാകും. എന്നാൽ മനീഷും സഹോദരിയും ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ അടുക്കളയിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതും ദുരൂഹത ഉണർത്തുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു മനീഷിന്റെ കേരളത്തിലെ ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. സഹോദരിക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘവും പൊലീസിനോട് വിവരങ്ങൾ തേടിയിട്ടുണ്ട്. മൃതദേഹത്തനരികിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണമെന്ന് എഴുതിയിരുന്നു. ഇവർ വിദേശത്ത് നിന്നെത്തിയ ശേഷം പൊലീസ് വിശദമായ മൊഴിയെടുക്കും. കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം ചെയ്യും.

Related Articles

Back to top button