പോലീസുകാരിയെ ബലാത്സംഗം ചെയ്ത എസ്ഐയോടു ഒത്തുതീര്‍പ്പിന് 25 ലക്ഷം.. അസിസ്റ്റന്റ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍….

പോലീസുകാരിയെ ബലാത്സംഗംചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടറില്‍നിന്ന് 25 ലക്ഷം രൂപ പണം ആവശ്യപ്പെട്ട അസിസ്റ്റന്റ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ള, സൈബര്‍ ഓപ്പറേഷനിലെ ഓഫീസ് റൈറ്റര്‍ അനു ആന്റണി എന്നിവരെയാണ് ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്റീച്ച് വിഭാഗത്തില്‍ ജോലിചെയ്തിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിസാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നത്. സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസായിരുന്നിട്ടും അവസരമായി കണ്ട് പണമുണ്ടാക്കാനാണ് നീതിനിര്‍വഹണം നടത്തേണ്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി സ്റ്റാര്‍മോന്‍ ആര്‍. പിള്ള 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. നവംബര്‍ 16-ന് നടന്ന സംഭവം ഇരയായ പോലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു.

ഇരയായ ഉദ്യോഗസ്ഥ തന്റെ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോന്‍ ആര്‍. പിള്ളയെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റാര്‍മോന്‍ ആര്‍. പിള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു വില്‍ഫറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കേസ് ഒഴിവാക്കി ഒത്തുതീര്‍പ്പിലെത്താനാണ് പണം ആവശ്യപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം പരാതിക്കാരിയുടെ അറിവോ സമ്മതമോ കൂടാതെയാണ് നടന്നത്. അവര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. പോലീസ് മോധാവിയുടെ അന്വേഷണത്തെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥ ബലാത്സംഗത്തിന് ഇരയായത് മൂന്നുദിവസം കഴിഞ്ഞ് അറിഞ്ഞിട്ടും അസിസ്റ്റന്റ് കമന്‍ഡാന്റ് നിയമനടപടികള്‍ സ്വീകരിച്ചില്ല.

ഉദ്യോഗസ്ഥയെ ആരോഗ്യപരിശോധന നടത്തിച്ചശേഷം ഓഫീസ് റൈറ്റര്‍ അനു ആന്റണി വഴി പ്രതിയില്‍നിന്നു 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ലൈംഗിക ഉപദ്രവം നടന്നുവെന്ന് വ്യക്തമായശേഷവും അനു ആന്റണി അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാതെ, പണം നല്‍കണമെന്ന് സ്റ്റാര്‍മോന്‍ ആര്‍. പിള്ള പറഞ്ഞ വിവരം പ്രതിയെ അറിയിച്ചു. ഇത് സദുദ്ദേശ്യത്തോടെയല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ പ്രവര്‍ത്തനങ്ങള്‍ പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കി. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം ഒത്തുതീര്‍പ്പിനായി ശ്രമിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

Related Articles

Back to top button