മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള വാക്കുതർക്കം.. കോൺക്രീറ്റ് കട്ടകൊണ്ട് അയൽവാസിയുടെ തലയ്ക്കടിച്ചു..
വാക്കുതര്‍ക്കത്തില്‍ തുടങ്ങി കൊലപാതകത്തില്‍ കലാശിച്ച സംഭവത്തില്‍ ഒടുവില്‍ കോടതി ശിക്ഷ വിധിച്ചു. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അയല്‍വാസി തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ യുവാവിനെ കോടതി അഞ്ച് വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. കേണിച്ചിറ വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.
അയല്‍വാസി വിജയനാണ് മരിച്ചത്. 2019 നവംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി ഏഴരയോടെ വേലിയമ്പം കൊളറാട്ട്കുന്ന് പൈക്കമൂല കാട്ടുനായ്ക്ക ഉന്നതിയില്‍ വെച്ച് മൊബൈല്‍ ഫോണിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനിടയില്‍ കോണ്‍ക്രീറ്റ് കട്ട കൊണ്ട് ഗോപി വിജയന്റെ തലക്ക് അടിക്കുകയായിരുന്നു.
അന്നത്തെ കേണിച്ചിറ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന സി ഷൈജുവാണ് കേസില്‍ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് കെ.വി സജിമോന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ ആകെ തെളിവിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.