കനാലിൽ കാൽകഴുകാനിറങ്ങി.. കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി…
Deadbody found in canal
കനാലിൽ കാൽകഴുകാനിറങ്ങിയതിനെ തുടർന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമാരമംഗലത്ത് എം വി ഐ പി കനാലിൽ കാൽകഴുകുന്നതിനിടെ കാണാതായ കുമാരമംഗലം ചോഴംകുടിയിൽ പരേതനായ പൈങ്കിളിയുടെ മകൻ സി പി ബിനുവിന്റെ (45) മൃതദേഹമാണ് അടിവാട് തെക്കേകവലയ്ക്ക് സമീപത്തെ കനാലിൽ നിന്ന് ലഭിച്ചത്.
ഞായറാഴ്ച രാത്രിയാണ് ബിനുവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ കുമാരമംഗലത്ത് കനാലിന് സമീപത്തെ കെട്ടിടത്തിലെ സി സി ടി വിയിൽ ബിനു കനാലിലേക്ക് ഇറങ്ങുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. തുടർന്ന് ചൊവാഴ്ച രാവിലെ തെക്കേകവല ഭാഗത്തെ കനാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാൽകഴുകുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ബിനു ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മുവാറ്റുപുഴ താലൂക്ക് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സുമി.