അമ്മയെയും മുത്തച്ഛനെയും കൊല്ലപ്പെടുത്തിയതിന്റെ നടുക്കത്തിൽ ഒരു നാട്…കുറ്റബോധത്തിന്‍റെ കണിക പോലുമില്ലാതെ നാട്ടുകാരെ നോക്കി ചിരിച്ച് പ്രതി…

മനസാക്ഷി മരവിച്ചുപോയ ഒരു പകലിലേക്കാണ് 2024 ആഗസ്റ്റ് 17ന് കൊല്ലത്തെ പടപ്പക്കര എന്ന ഗ്രാമം ഉണര്‍ന്നത്. മയക്കുമരുന്നിന്‍റെയും പണത്തിന്‍റെയും ലഹരിയില്‍ അഖില്‍ എന്ന യുവാവ് അമ്മയെയും മുത്തച്ഛനെയും കൊല്ലപ്പെടുത്തിയതിന്റെ നടുക്കം ഇന്നും ആ നാടിനെ വിട്ടകന്നിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം പിടിയിലായ പ്രതിയുടെ മുഖത്ത് കുറ്റബോധത്തിന്‍റെ കണിക പോലും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘവും മരവിപ്പോടെ ഓര്‍ക്കുന്നു.

പ്ലസ് ടുവരെ മാത്രം പഠിച്ച ഒരു 25കാരന്‍. അമ്മയും സഹോദരിയും മുത്തച്ഛനും ഉള്‍പ്പടുന്ന ചെറിയ ലോകത്തായിരുന്നു അഖില്‍. സൗഹൃദങ്ങള്‍ ഇല്ലാത്ത, ആരോടും അധികം മിണ്ടാത്ത പ്രകൃതം. എങ്ങനെയാണ് അഖില്‍ മയക്കുമരുന്നിന്‍റെ പിടിയില്‍ അകപ്പെട്ടതെന്ന് ആര്‍ക്കും അറിയില്ല. പതിയെ ലഹരി മാത്രമായി അഖിലിന്‍റെ ലോകം. അതിന് പണം കണ്ടെത്താന്‍ തെരഞ്ഞെടുത്ത വഴിയില്‍ ബന്ധങ്ങളെ മറന്നു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനായിരുന്നു ഇരട്ടക്കൊലപാതകം.

അഖിലിനും സഹോദരിക്കും വേണ്ടിയാണ് അമ്മ പുഷ്പലത ജീവിച്ചത്. മക്കള്‍ക്കായി ചെറിയ ജോലികള്‍ ചെയ്ത് രാപ്പകല്‍ ഇല്ലാതെ അധ്വാനിച്ചു. ലഹരിക്ക് അടിമപ്പെട്ട മകനെ തിരികെ കൊണ്ടുവരാന്‍ ഡീ അഡിക്ഷന്‍ സെന്‍ററുകള്‍ തോറും ഓടി. പക്ഷേ പ്രതീക്ഷിച്ചതല്ല നടന്നത്. തുണയാകുമെന്ന് കരുതിയ കൈകള്‍ തന്നെ പുഷ്പലതയുടെ ജീവനെടുത്തു.

Related Articles

Back to top button