കഴുത്തിൽ തുണിമുറുകിയ നിലയിൽ പ്രവാസി മലയാളികളായ ദമ്പതികൾ…മൃതദേഹം 3 മാസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു…
bodies of the malayali couple
മൂന്ന് മാസം മുമ്പ് ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കൊല്ലം ചിതറ ഭജനമഠം പത്മ വിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം മാന്തോപ്പിൽ പുരയിടം അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥെൻറ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങളാണ് അവരവരുടെ വീട്ടുവളപ്പിൽ സംസ്കരിച്ചത്.
കഴിഞ്ഞവർഷം നവംബർ 14നാണ് ഉനൈസയിലെ ഫ്ലാറ്റിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ തുണിമുറുകിയ നിലയിൽ പ്രീതിയെ നിലത്തും ശരത്തിനെ ജനലഴിയിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. സുഹൃത്തുക്കളോടൊത്ത് തലേന്ന് രാത്രി സമയംചെലവിട്ട ഇരുവരും ഫ്ലാറ്റിലെത്തിയ ശേഷമായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ പ്രിയയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരത് ആത്‍മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് വിവരം.
ഇത് സ്ഥിരീകരിക്കുന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചതെന്ന് മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിന് നേതൃത്വം നൽകിയ കനിവ് ജീവകാരുണ്യ കൂട്ടായ്‌മയുടെ രക്ഷാധികാരി ബി. ഹരിലാൽ പറഞ്ഞു. റിയാദിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കനിവ് ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയും ഇരുവരുടെയും ബന്ധുക്കളും എത്തിയിരുന്നു.
കനിവിന്റെ ശ്രമഫലമായി റിയാദ് ഇന്ത്യൻ എംബസി വിമാനയാത്ര ചെലവ് വഹിക്കുകയും നോർക്ക നാട്ടിൽ ആംബുലൻസ് വീട്ടുനൽകുകയും ചെയ്തു. ദീർഘകാലമായി ഉനൈസയിൽ ജോലി ചെയ്യുന്ന ശരത് സംഭവത്തിന് രണ്ട് മാസം മുമ്പാണ് ഭാര്യയെ സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നത്. നാല് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. പ്രീതിയുടെ മാതാവ് തങ്കം. പ്രവീൺ, പ്രിയ എന്നിവർ സഹോദരങ്ങളാണ്. ശരത്തിന്റെ സഹോദരി ശരണ്യ.