പിതാവുംഅമ്മാവനും മരിച്ച അതേയിടത്ത്..BJP എംഎൽഎയുടെ മകന്റെ കാറിടിച്ച് വ്യവസായി മരിച്ചു..
മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ കാറിടിച്ച് വ്യവസായി മരിച്ചു. ഹോട്ടലുടമയായ നിതിന്‍ പ്രകാശ് ഷെല്‍ക്കെ (34) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ അഹ്‌മദ് നഗറിലാണ് സംഭവം. ബിജെപി എംഎല്‍എ സുരേഷ് ധാസിന്റെ മകന്‍ സാഗര്‍ ധാസാണ് കാറിലുണ്ടായിരുന്നത്. സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിള്‍ എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ട്.
To advertise here,
മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന നിതിന്‍ പ്രകാശ് യൂടേണ്‍ എടുക്കുന്നതിനിടെയാണ് സംഭവം. ഈസമയം അമിതവേഗത്തിലെത്തിയ എംജ ഗ്ലോസ്റ്റര്‍ എസ്‌യുവി കാര്‍ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിതിനെ പ്രദേശവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരക്കുപിടിച്ച റോഡില്‍ യൂടേണിന് ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിന് പിറകില്‍ ഇടിക്കുന്നതും യുവാവ് തെറിച്ചുവീഴുന്നതുമായ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. പല്‍വി ഖുര്‍ദ് വില്ലേജ് നിവാസിയാണ് നിതിന്‍. അഹല്യ നഗര്‍-പുണെ ഹൈവേയിലെ സഹ്യാദ്രി ഹോട്ടലിന്റെ ഉടമയായിരുന്നു.
അഹല്യനഗറില്‍നിന്ന് പുണെയിലേക്ക് പോവുകയായിരുന്ന കാര്‍ ഓടിച്ചിരുന്നത് സാഗര്‍ ധാസ് ആയിരുന്നെന്നും കൂടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് സാഗറിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചിരുന്നോ എന്നറിയാന്‍ ഇയാളുടെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. അതേസമയം, കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ വൈകിയെന്ന് ആരോപണമുണ്ട്. തലേന്ന് രാത്രി പത്തരയ്ക്ക് സംഭവിച്ച അപകടത്തില്‍ പിറ്റേന്ന് വൈകുന്നേരംവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
എംഎല്‍എയുടെ പേരിലാണ് ഇടിച്ച വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. പോലീസ് ആദ്യം വാഹനം കസ്റ്റഡിയിലെടുക്കുകയും ഓടിച്ചയാളെ അന്വേഷിക്കുകയും ചെയ്തു. സാഗര്‍ ധാസാണോ കൂടെയുണ്ടായിരുന്ന ആളാണോ എന്നതില്‍ അന്വേഷണം നടക്കുന്നു. മരിച്ച നിതിന്റെ സഹോദരന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു. ഷെല്‍ക്കെയുടെ അച്ഛനും അമ്മാവനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്തുവെച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു