‘അമ്മേ,ഞാന്‍ കള്ളനല്ല, ചിപ്‌സ് മോഷ്ടിച്ചില്ല.. ഏഴാംക്ലാസുകാരനെ കിടപ്പുമുറിയിൽ കണ്ടെത്തിയത് വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ..’

ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ പരസ്യമായി ശിക്ഷിച്ച 12 വയസ്സുകാരന്‍ ജീവനൊടുക്കി. പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ പാന്‍സ്‌കുരയില്‍ ഇന്ന് ഉച്ചയോടെയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൃഷേന്ദു ദാസ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. വ്യാഴാഴ്ച്ച വൈകിട്ടാണ് കൃഷ്‌ണേന്ദു ദാസ് അമ്മയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങി പാന്‍സ്‌കുര പ്രദേശത്തെ ഗോസൈബര്‍ ബസാറിലുള്ള കടയില്‍ ചിപ്‌സ് വാങ്ങാന്‍ പോയത്.

കടയില്‍ പോകുന്നതിനിടയില്‍ വഴിയില്‍ കിടന്ന ഒഴിഞ്ഞ ചിപ്സിന്‍റെ കവര്‍ കുട്ടി ശേഖരിച്ചിരുന്നു. ഇവ ശേഖരിക്കുന്നത് കുട്ടിയുടെ ഹോബി ആണെന്ന് മാതാവ് പറയുന്നു. ശേഷം ചിപ്‌സ് വാങ്ങാന്‍ കടയിലെത്തിയ കുട്ടി കടയുടമയെ കാണാത്തതിനെ തുടര്‍ന്ന് ഏറെ നേരം വിളിക്കുകയും ചിപ്‌സ് വാങ്ങാന്‍ കാത്തിരിക്കുകയും ചെയ്തു. ഇതിനിടയില്‍ ശുഭാങ്കര്‍ ദീക്ഷിത് എന്ന് പേരുള്ള കടയുടമ എത്തുകയും കുട്ടിയുടെ കൈയ്യില്‍ ചിപ്സ് കവര്‍ കണ്ടതോടെ പൊതുജനമധ്യത്തില്‍ വെച്ച് മോഷണക്കുറ്റം ആരോപിച്ച് ശകാരിക്കുകയും തല്ലുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ശിക്ഷയായി കുട്ടിയെ കൊണ്ട് സിറ്റ് അപ്പും ചെയ്യിപ്പിച്ചു. പിന്നീട് മാതാവെത്തി കുട്ടിയെ വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി മുറിയില്‍ കയറി കതകടച്ചു. ഏറെ നേരമായും കുട്ടി കതക് തുറക്കാത്തതിനെ തുടര്‍ന്ന് അമ്മയും നാട്ടുകാരും ചേര്‍ന്ന് കതക് കുത്തിപ്പൊളിക്കുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്ന് അവശനിലയിലായ കുട്ടിയെ ആണ് കണ്ടെത്തിയത് .ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ അടുത്ത് നിന്നും ബംഗാളിയിലെഴുതിയ കത്ത് ലഭിച്ചു. ‘അമ്മേ, ഞാന്‍ കള്ളനല്ല. ഞാന്‍ ചിപ്‌സ് മോഷ്ടിച്ചിട്ടില്ല. കടയുടമയായ അങ്കിളിനെ ഏറെ നേരം കാത്തിരുന്നിട്ടും അദ്ദഹം വന്നില്ല. ഞാന്‍ വഴിയില്‍ കിടന്ന ഒരു ചിപ്സ് പാക്കറ്റ് കണ്ടു, അത് എടുത്തു. എനിക്ക് അവ വളരെ ഇഷ്ടമാണ്,കീടനാശിനി കുടിച്ചതിന് എന്നോട് ക്ഷമിക്കൂ അമ്മേ. ഇതായിരുന്നു കത്തിലെ അവസാനവരികള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button