കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞു…ഹരികുമാറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്…

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തുന്നതിലേക്ക് പ്രതിയെ നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. കുഞ്ഞിൻ്റെ കരച്ചിൽ പ്രതിക്ക് അരോചകമായി മാറി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദേവേന്ദുവിന്റെ അമ്മയായ ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു l. പൂജപ്പുര മഹിളാ മന്ദിരത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ മാറ്റി.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹരികുമാറിന്റെ മൊഴിയില്‍ സ്ഥിരതയില്ല. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അല്ല പ്രതി പിന്നീട് പറയുന്നത്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് പ്രതി പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി ഹരികുമാര്‍ സമ്മതിച്ചതായും എസ്പി പറഞ്ഞു.



