അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം…തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോഗി ആദിത്യനാഥ്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോപണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇതിലൂടെ സത്യം എന്തെന്ന് വ്യക്തമാകും. കർസേവകർക്ക് നേരെ വെടിയുതിർത്തവരാണ് ഇപ്പോൾ പ്രസംഗിക്കുന്നതെന്നും അഖിലേഷിന് മറുപടിയായി യോഗി പറഞ്ഞു. വിവാദങ്ങൾക്കിടെ രാമക്ഷേത്രം സന്ദർശിച്ചാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടർന്ന്, ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചിരുന്നു. ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി 8 മണിക്കൂറിലേറെ നേരമാണ് പരിശോധന നടത്തിയത്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഉയർത്തിയ ആരോപണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.



