നിയമസഭ തിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ ഇടതുമുന്നണിയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയായി

നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ എൽഡിഎഫിനായി കളത്തിലിറങ്ങുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ ആണ് മത്സരിക്കുക. ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ ഇത് ബിജെപിക്ക്‌ അനുകൂലമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തി. തുടർന്നാണ് കെ ആർ ജയാനന്ദയുടെ പേര് ചർച്ചയായത്. തുളു അക്കാദമി ചെയർമാൻ കൂടിയാണ് കെ ആർ ജയാനന്ദ.

തുടർന്ന് സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്തെ സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതേസമയം, ദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു വീണ്ടും മത്സരിക്കും. തൃക്കരിപ്പൂരിൽ വി പി പി മുസ്തഫയായിരിക്കും സ്ഥാനാർത്ഥി.

അതേസമയം, സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ പ്രചാരം ആരംഭിച്ച് ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. ആലപ്പുഴ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയാണ് ചിത്തരഞ്ജൻ. കോൺവെൻറ് സ്‌ക്വയർ ഉൾപ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്ത് തുടങ്ങി. ചിത്തരഞ്ജന്റെ പേരും ചിത്രവും പാർട്ടി ചിഹ്നവും ഉൾപെടുത്തിയാണ് ചുവരെഴുത്തുകൾ. ഇത്തവണ ആലപ്പുഴയിൽ സിപിഎം പരിഗണിക്കുന്നതും ചിത്തരഞ്ജനെയാണ്. പൊതുവെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് സിപിഎമ്മിൽ സ്ഥാനാർഥിയുടെ പേര് ഉൾപ്പെടുത്തി ചുവരെഴുതുകൾ തുടങ്ങാറുള്ളതല്ല. അതേസമയം ഇതിൽ ആസ്വഭാവികത ഒന്നുമില്ലെന്നാണ് സിപിഎം ജില്ല നേതൃത്വത്തിന്റെ നിലപാട്.

Related Articles

Back to top button