ആലത്തൂരിലെ അസ്നയുടെ മരണം.. ‘മകൾ നേരിട്ടത് ക്രൂര പീഡനം’…. ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പാലക്കാട്: ആലത്തൂർ സ്വദേശിനി അസ്ന (20) ഭർതൃവീട്ടിൽ വെച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. ഏപ്രിൽ 6-ന് എലിവിഷം ഉള്ളിൽ ചെന്നാണ് അസ്ന മരിച്ചത്. എന്നാൽ ഇത് ആത്മഹത്യയല്ലെന്നും ഭർതൃവീട്ടിലെ കൊടിയ മാനസിക പീഡനം മൂലമുണ്ടായ മരണമാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
അസ്നയുടെ ഭർത്താവ് അബ്ദു റഹ്മാനും മാതാവും ചേർന്ന് പെൺകുട്ടിയെ നിരന്തരം ചൂഷണം ചെയ്തിരുന്നു. പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറയുമെന്ന പേടിയിൽ അസ്ന ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീർക്കാനാണ് ഭർതൃവീട്ടുകാർ ഇപ്പോൾ ശ്രമിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. അസ്നയ്ക്ക് ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.
വിഷം ഉള്ളിൽ ചെന്ന വിവരമോ അസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമോ ഭർതൃവീട്ടുകാർ തങ്ങളെ അറിയിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. മരണം സംഭവിച്ച് പിറ്റേന്നാണ് തങ്ങൾ വിവരം അറിയുന്നത്. മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കുടുംബം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം.



