ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന് അനുരാഗ് താക്കൂർ…

ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന് കനിമൊഴി എംപി പറഞ്ഞു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി വിമർശിച്ചു. ആദ്യം ചന്ദ്രനിൽ കാലുകുത്തിയത് അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോങ് അല്ല, ഹനുമാൻ ആണെന്നാണ് ബഹിരാകാശ ദിനത്തിൽ അനുരാഗ് താക്കൂർ പറഞ്ഞത്.

കുട്ടികളോടുള്ള പ്രതികരണം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് കനിമൊഴി വിമർശിച്ചു. വിദ്യാർത്ഥികളിൽ അന്വേഷണത്വരയും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അറിവിനോടുള്ള താത്പര്യവും വളർത്തുന്നത് രാജ്യത്തിന്‍റെ ഭാവി കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് കനിമൊഴി ഊന്നിപ്പറഞ്ഞു. പുരാണത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിൽ അല്ല പുരോഗതി. ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും തമ്മിൽ വേർതിരിച്ചറിയുന്നതിൽ നിന്ന് വിദ്യാർത്ഥികളെ തടയുന്ന പരാമർശങ്ങൾ ശരിയല്ലെന്നും കനിമൊഴി പ്രതികരിച്ചു. പുരാണങ്ങൾക്ക് സാംസ്കാരികവും സാഹിത്യപരവുമായ സ്ഥാനമുണ്ടെങ്കിലും, അത് വസ്തുതയായി ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്നത് ശാസ്ത്ര പഠനത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്ന് ഇതിന് മുൻപും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button