എറണാകുളത്ത് പനി ബാധിച്ച് വീണ്ടും മരണം… വെസ്റ്റ് നൈൽ പനിയെന്ന് സംശയം

കൊച്ചി: എറണാകുളം ജില്ലയില്‍ പനി ബാധിച്ച് വീണ്ടും മരണം. ആലുവ സ്വദേശി മുരളീധരന്‍ (77) ആണ് മരിച്ചത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന് വെസ്റ്റ് നൈല്‍ പനിയായിരുന്നോ എന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്. കടുത്ത പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ 27-നാണ് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാൾക്ക് വെസ്റ്റ് നൈല്‍ രോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതിനാലാണ് വിദഗ്ധ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

അതേസമയം, അന്തരിച്ച മുരളീധരൻ മുൻപ് അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ മരണ കാരണം വെസ്റ്റ് നൈൽ പനിയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. ജില്ലയിൽ പനി പടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Related Articles

Back to top button