ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക് യാത്രാമൊഴി… ഒരു നാട് മുഴുവൻ…
ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക് യാത്രാമൊഴിയേകാൻ ഒരു നാട് മുഴുവൻ പള്ളിയങ്കണത്തിലേക്ക്. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് മണിക്കൂർ മുൻപേ കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയങ്കണം ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
നിധിനും ഐവിനും പഠിച്ച കോടഞ്ചേരി സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിപ്പൊയിൽ സെയ്ന്റ് ജോൺസ് ഹൈസ്കൂൾ, കോടഞ്ചേരി എൽപി സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ആദരാഞ്ജലിയർപ്പിച്ചു. കോടഞ്ചേരി സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽത്തന്നെ ഇരുവർക്കും അന്ത്യവിശ്രമമൊരുക്കി. സംസ്കാരശുശ്രൂഷകൾക്ക് താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ, ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
മന്ത്രി കെ. കൃഷ്ണൻകുട്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കുവേണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ പുഷ്പചക്രം അർപ്പിച്ചു. സന്ദേശത്തിൽ ദുഃഖം രേഖപ്പെടുത്തിയ അവർ, കാലവർഷക്കെടുതിക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാരശുശ്രൂഷയിൽ പങ്കുചേർന്നു.