അമീബിക് മസ്തിഷ്ക ജ്വരം.. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 47 വയസുകാരൻ മരിച്ചു…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാജി. എന്നാൽ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഒരു മാസത്തിനിടെ 6 പേരാണ് രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്ന ആളുകൾക്ക് മറ്റ് പല രോഗങ്ങളുമുള്ളതിനാൽ ഇവരുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ പറയുന്നത്. 18പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് കണക്കിലെ ആശയക്കുഴപ്പത്തിൽ അധികൃതര്‍ വ്യക്തതവരുത്തേണ്ടതുണ്ട്.

അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌ക കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനിയായ ശോഭ (56) ആണ് മരിച്ചത്. രണ്ട് കുട്ടികളടക്കം 12 പേരായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

രണ്ട് ദിവസം മുൻപാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ആയിരുന്നു മരണം. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയായിരുന്നു രതീഷ്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.

Related Articles

Back to top button