സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം..

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. കഴിഞ്ഞ 17 ദിവസങ്ങളായി സരസമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഈ ആഴ്ച മാത്രം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ആളാണ് സരസമ്മ. ഇന്നലെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനി വസന്ത (77)മരിച്ചിരുന്നു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. ഈ മാസം മാത്രം 62 പേര്‍ക്കു രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.



