മിശ്രവിവാഹിതരായ ദമ്പതികളെ കസ്റ്റഡിയിൽ എടുത്തു.. പൊലീസിനെ നിർത്തിപ്പൊരിച്ച് കോടതി…
മിശ്രവിവാഹിതരായ ദമ്പതികളെ അന്യായമായി കസ്റ്റഡിയിൽ എടുത്ത യുപി പൊലീസിനെ നിർത്തിപ്പൊരിച്ച് അലഹബാദ് ഹൈക്കോടതി. സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദത്തിന് വിധേയമായിട്ടാണ് മിശ്രവിവാഹിതരായ ദമ്പതികളെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൗലീകാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച കോടതി സാമൂഹിക സമ്മർദ്ദത്തിന് വിധേയമായി, നിയമാനുസൃതമല്ലാതെ തടങ്കലിൽ വയ്ക്കുന്നത് തടങ്കലിനെ നിയമപരമാക്കുന്നില്ലെന്നും ശനിയാഴ്ച വിശദമാക്കി. പൊലീസ് ഇത്തരത്തിൽ ചെയ്യുന്നത് അതിന്റെ നിയമവിരുദ്ധത വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സലിൽ കുമാർ റായ്, ദിവേഷ് ചന്ദ്ര സാമന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് യുപി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. അവധി ദിനത്തിൽ നടത്തിയ പ്രത്യേക ഹിയറിംഗിൽ അലഹബാദ് ഹൈക്കോടതി മുസ്ലിം യുവാവിനേയും ഹിന്ദു യുവതിയേയും വെറുതെ വിടുകയും ചെയ്തു.



