നാടിനെ നടുക്കിയ കൂട്ടകൊലപാതകം…ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി…കൊല്ലപ്പെട്ട അഞ്ച് പേരെയും..
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ മരിച്ച അഞ്ച് പേരെയും സംസ്കരിച്ചു. പ്രതിയായ അഫാൻ്റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് പൂർത്തിയായത്. അഫാൻ്റെ പെൺസുഹൃത്തായിരുന്ന ഫർസാനയുടെ സംസ്കാര ചടങ്ങുകളായിരുന്നു ആദ്യം പൂർത്തിയായത്. ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കരിച്ചു. പ്രതിയുടെ അനുജൻ അഹ്സാൻ്റെയുൾപ്പടെ ബാക്കി നാല് പേരുടെയും മൃതദേഹം പേരുമല ജംഗ്ഷനിൽ പൊതുദർശനത്തിന് ശേഷം താഴെ പാങ്ങോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. പൊതുദർശനത്തിന് വൻ ജനാവലിയാണ് എത്തിചേർന്നത്.
അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. അല്‍പസമയത്തിനകം ഫോറന്‍സിക് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് വിവരം കൈമാറും.