കടലിൽ വീണ കണ്ടെയ്നറുകൾ ആലപ്പുഴ തീരത്ത് അടിയാൻ സാധ്യത… ജനങ്ങൾ ചെയ്യേണ്ടത്…

അറബിക്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്നറുകൾ നിലവിലെ സാഹചര്യത്തിൽ ആലപ്പുഴ തീരത്ത് അടിയാൻ സാധ്യതയെന്ന് വിലയിരുത്തൽ. ആലപ്പുഴയിൽ തീര പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. ആകെ 50 കണ്ടെയ്നറുകൾ വീണിട്ടുണ്ടെന്നാണ് വിവരം. അപകടകരമായ വസ്തുക്കളായതിനാൽ തൊടരുതെന്ന് നേരത്തെ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനാണ് നിർദ്ദേശം.
തീരത്ത് അടിയുന്ന കണ്ടെയ്നർ നീക്കം ചെയ്യുന്നതിനെ കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി തല യോഗം ചർച്ച ചെയ്യും. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നയോഗം അൽപ്പ സമയത്തിൽ ആരംഭിക്കും. കടലിൽ നിന്നും കണ്ടെയ്നറുകൾ മറ്റൊരു കപ്പലിലേക്ക് പൊക്കിമാറ്റുന്ന സാങ്കേതിക സംവിധാനം നിലവിൽ ഇല്ലെന്നത് തിരിച്ചടിയാണ്.
മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ അപകടത്തിൽപെടുകയായിരുന്നു. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്നറുകൾ കടലിൽ വീഴുകയുമായിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ.



