നിലമ്പൂരിൽ ബിജെപി എന്തിന് മത്സരിക്കണം?… കാരണം വ്യക്തമാക്കി രാജീവ്‌ ചന്ദ്രശേഖർ..

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും മുന്നണിയില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വരാന്‍ പോകുന്ന എംഎല്‍എയ്ക്ക് ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളുവെന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. നിലമ്പൂരില്‍ വികസനം നടന്നിട്ടില്ല. ജനങ്ങള്‍ക്ക് മാറ്റം വേണം. വികസനം വേണം. നാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് ബിജെപിയുടെ ലക്ഷ്യം. രാഷ്ട്രീയം ലക്ഷ്യമല്ല. 9 കൊല്ലം മുഖ്യമന്ത്രിക്ക് അവസരം കൊടുത്തിട്ട് എന്ത് ചെയ്തു. ഇതെല്ലാം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 കൊല്ലമായി രണ്ട് പാര്‍ട്ടികളുടെ രാഷ്ട്രീയം കണ്ട് ജനങ്ങള്‍ക്ക് മടുത്തെന്ന് അദ്ദേഹം പറഞ്ഞു. മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Related Articles

Back to top button