ആലപ്പുഴ മാക്കേക്കടവ് – നേരെകടവ് പാലം ഉദ്ഘാടനം…. കടുത്ത അതൃപ്തിയുമായി ജി. സുധാകരൻ

ആലപ്പുഴ: മാക്കേക്കടവ് – നേരെകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തിയും വിമർശനവുമായി മുൻ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ മുൻ എംഎൽഎയുമായ ജി. സുധാകരൻ രംഗത്ത്. പാലം നിർമ്മാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടന ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് പോലും തരാമായിരുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം, വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അമർഷം പരസ്യമാക്കിയത്.
താൻ മന്ത്രിയായിരുന്നില്ലെങ്കിൽ നേരെകടവ് – മാക്കേക്കടവ് പാലം വരുമായിരുന്നോ എന്ന് ചോദിച്ച സുധാകരൻ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 80 കോടി രൂപ അനുവദിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടത് താനാണെന്ന് പറയാൻ പോലും എൽഡിഎഫിന് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഉദ്ഘാടന വേദി രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതായിരുന്നു. കെ. കരുണാകരന്റെ പടം വെച്ചിട്ടും ഒരിടത്തും തന്റെ ചിത്രം കണ്ടില്ലെന്നും, ഷാനിമോൾ ഉസ്മാൻ തന്നെ ക്ഷണിക്കുമെന്ന പ്രതീക്ഷയില്ലെന്നും, അത്രയും വിശാലമനസ്കയല്ലല്ലോ അവരെന്നും അദ്ദേഹം പരിഹസിച്ചു. കിഫ്ബി പിരിച്ചുവിട്ടത് നിർമ്മാണങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, പൊതുമരാമത്ത് വകുപ്പിനെക്കൊണ്ടു മാത്രം ഒറ്റയ്ക്ക് കാര്യങ്ങൾ സാധിക്കില്ലെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെ.എം. എബ്രഹാം അടക്കമുള്ളവരാണെന്നും ആരോപിച്ചു. എ.സി. റോഡ് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന്, അഴിമതി നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ നിർമ്മാണത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്നും പ്രതികരിച്ച ജി. സുധാകരൻ, ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.



