‘നാട്ടിലേക്ക് വരുമെന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ’; സങ്കടക്കടലായി രഞ്ജിതയുടെ വീട്, നെഞ്ചുലഞ്ഞ് നാടും അയൽക്കാരും..

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ‌ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത വിങ്ങുകയാണ് ഒരു നാട് മുഴുവൻ‌. വാവിട്ട് നിലവിളിക്കുന്ന അമ്മയുടെയും മക്കളുടെയും മുന്നിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് അയൽക്കാർ. മൂന്നുദിവസത്തെ അവധിക്ക് ശേഷം ഇന്നലെയാണ് രഞ്ജിത തിരിച്ച് യുകെയിലേക്ക് പുറപ്പെട്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക്ക് എത്തുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

നാട്ടിൽ ​ഗവൺമെന്റ് സർവീസിൽ ജോലി ചെയ്തിരുന്ന രഞ്ജിത അവധിയെടുത്താണ് ലണ്ടനിലേക്ക് പോയത്. അവിടത്തെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിലായിരുന്നു രഞ്ജിത. അതിന്റെ ഭാ​ഗമായിട്ടുള്ള സർക്കാർ നടപടികൾ പൂർത്തിയാക്കാനും വീടുപണി പൂർത്തീകരിക്കുന്ന കാര്യങ്ങൾ ചെയ്യാനും വേണ്ടിയാണ് എത്തിയതെന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കുന്നു.

രഞ്ജിതയ്ക്ക് വീട്ടിൽ രണ്ട് മക്കളും അമ്മയുമാണുള്ളത്. രണ്ട് സഹോദരങ്ങളുണ്ട്. മൂത്തമകൻ ഇന്ദുചൂഡൻ പത്താം ക്ലാസിലും ഇളയ മകൾ ഇതിക ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാൻസർ രോഗിയാണ്. അടുത്ത 28ന് വീടിന്റെ ​ഗൃഹപ്രവേശം തീരുമാനിച്ചിരിക്കുകയായിരുന്നു. വീടിന്റെ പണി പൂർത്തിയാക്കാനാവശ്യമായ സാമ​ഗ്രികളും മറ്റും വാങ്ങിയതും രണ്ട് ദിവസം മുമ്പാണെന്നും നാട്ടുകാർ പറയുന്നു

Related Articles

Back to top button