‘ഉമ്മാ, ഞാൻ രണ്ടാമത് ഗർഭിണിയാണ്, വയറ്റിൽ ചവിട്ടി’.. യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..
യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളാങ്ങല്ലൂര്‍ കരുമാത്ര നൗഫലിന്റെ ഭാര്യ ഫസീലയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഫസീല താന്‍നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി മാതാവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും നൗഫല്‍ വയറ്റിൽ ചവിട്ടിയെന്നും മരിക്കാന്‍ പോവുകയാണെന്നുമായിരുന്നു സന്ദേശം.
”ഉമ്മാ, ഞാന്‍ രണ്ടാമത് ഗര്‍ഭിണിയാണ്. നൗഫല്‍ വയറ്റിൽ ചവിട്ടി, ഉപദ്രവിച്ചു. വേദനിച്ചപ്പോള്‍ ഞാന്‍ നൗഫലിന്റെ കഴുത്തിന് പിടിച്ചു. ഇവിടത്തെ ഉമ്മയും എന്നെ പീഡിപ്പിച്ചു. തെറിവിളിച്ചു. ഉമ്മാ, ഞാന്‍ മരിക്കുകയാണ്. അല്ലെങ്കില്‍ എന്നെ ഇവര്‍ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷേ, എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്”, എന്നായിരുന്നു ഫസീലയുടെ സന്ദേശം. ഇതിനുശേഷമാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ വാട്‌സാപ്പ് ചാറ്റുകളടക്കം ബന്ധുക്കള്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പോലീസ് നൗഫലിനെ ചോദ്യംചെയ്തുവരികയാണ്.