മദ്യപാനത്തിനിടെ തർക്കം… ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ സഹതാമസക്കാരൻ കൊലപ്പെടുത്തി…

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനായ കോതമംഗലം സ്വദേശി മനുവിനെ സഹതാമസക്കാരനായ അതിഥി തൊഴിലാളി കൊലപ്പെടുത്തി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡലിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

ഏലപ്പാറയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന മനുവിനെ വ്യാഴാഴ്ച രാവിലെയാണ് താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സൈഫുദ്ദീൻ മണ്ഡലിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. കേരളം വിടാൻ പദ്ധതിയിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളെ പീരുമേട് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സംഭവ ദിവസം രാത്രി ഇരുവരും ലോഡ്ജ് മുറിയിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഇടുക്കിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി തെളിവെടുപ്പ് നടത്തുമെന്നും പീരുമേട് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button