50 വയസിലേക്ക് എത്തിയവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട 5 പരിശോധനകള്‍…..

പ്രായം ഏറുന്നതിന് അനുസരിച്ച് നാം ആരോഗ്യകാര്യങ്ങളില്‍ കുറെക്കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഭക്ഷണം, വ്യായാമം, ഉറക്കം, സ്ട്രെസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളിലെല്ലാം കരുതല്‍ വേണം. ഇതിനൊപ്പം തന്നെ മെഡിക്കല്‍ ചെക്കപ്പുകളെയും ആശ്രയിക്കണം. ഇത്തരത്തില്‍ അമ്പത് വയസിലേക്ക് എത്തിയവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട അഞ്ച് പരിശോധനകള്‍ ഏതെല്ലാമാണെന്നാണ് നോക്കാം. 1) പ്രമേഹം ഉള്ളതായി കണ്ടെത്തിയിട്ടില്ലാത്തവരാണെങ്കില്‍ നിര്‍ബന്ധമായും ഇതിനുള്ള പരിശോധന ചെയ്ത് തുടങ്ങണം. ഒരിക്കല്‍ മാത്രം ചെയ്താല്‍ പോര. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലുമോ പ്രമേഹ പരിശോധന നടത്തുക. കാരണം പ്രായമായവരെ ബാധിക്കാൻ സാധ്യതകളേറെയുള്ളൊരു രോഗാവസ്ഥയാണ് പ്രമേഹം. 2) ജീവിതശൈലീരോഗങ്ങളില്‍ പെടുന്ന കൊളസ്ട്രോള്‍ ആണ് അടുത്തതായി പരിശോധിക്കേണ്ടത്. പല അനുബന്ധപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാവുന്നൊരു അവസ്ഥയാണ് കൊളസ്ട്രോള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തെയെല്ലാം ഏറെ ബാധിക്കാം. അതിനാല്‍ തന്നെ കൊളസ്ട്രോള്‍ ചെക്ക് ചെയ്യേണ്ടത് അത്രയും പ്രധാനമാണ്. കൊളസ്ട്രോള്‍ പരിശോധനയും കൃത്യമായ ഇടവേളകളില്‍ ചെയ്യണം. 3) അടുത്തതായി ബിപി അഥവാ രക്തസമ്മര്‍ദ്ദം അറിയുന്നതിനുള്ള പരിശോധനയാണ്. ഇത് ഇന്ന് വീട്ടില്‍ വച്ചും ചെയ്യാവുന്ന സൗകര്യമുണ്ട്. അമ്പത് കടന്നാല്‍ ഇടയ്ക്കിടെ ബിപി ചെക്ക് ചെയ്യുന്നത് ഏറെ നല്ലതാണ്. ഹൃദയാരോഗ്യം അടക്കം പലതും ബാധിക്കപ്പെടുന്നത് തടയാൻ ഈ ജാഗ്രത സഹായിക്കും. 4) അടുത്തതായി പുരുഷന്മാര്‍ ചെയ്യേണ്ടൊരു പരിശോധനയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത അമ്പത് കടന്നവരില്‍ കൂടുതലാണ്. അതിനാല്‍ തന്നെ ഇതിനുള്ള പരിശോധനയും ചെയ്യുക. അതും കൃത്യമായ ഇടവേളകളില്‍ ചെയ്തുപോരുവാൻ ശ്രദ്ധിക്കുക. 5) വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള റീനല്‍ ടെസ്റ്റാണ് അടുത്തതായി അമ്പതിലെത്തിയവര്‍ ചെയ്യേണ്ടത്. വൃക്കസംബന്ധമായ പ്രശ്നങ്ങളെ നേരത്തെ തിരിച്ചറിയാനായാല്‍ ഒരുപാട് സങ്കീര്‍ണതകള്‍ കുറയ്ക്കാൻ സാധിക്കും. ഇതും ഇടവേളകളില്‍ തുടര്‍ച്ചയായി ചെയ്യണം.

Related Articles

Back to top button