പതിനാലുകാരിയുടെ കൊലപാതകം, കൊല നടത്തിയത് ഇന്നലെ വയോധികയെ കൊന്ന അമ്മയും മകനും
വിഴിഞ്ഞം : വിഴിഞ്ഞത്ത് വെള്ളിയാഴ്ച്ച വയോധികയെ കൊന്ന അമ്മയും മകനും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്ന് തെളിഞ്ഞു. ഒരു വർഷം മുമ്പ് പതിനാലുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2020 ഡിസംബർ 13 നാണ്.
റഫീഖ് ബീവിയും ഷഫീക്കും പെൺകുട്ടിയെ കൊന്നതും തലയ്ക്കടിച്ച് തന്നെയാണ്. ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തു പറയാതിരിക്കാൻ ആണ് കൊലപാതകം നടത്തിയത്.
വെള്ളിയാഴ്ചയാണ് വിഴിഞ്ഞം ഒല്ലൂരിലെ ശാന്താദേവി എന്ന 71 കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അമ്മയും മകനും ചേർന്ന് സ്വർണാഭരണങ്ങൾ കവർന്നത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മച്ചിൽ മൃതദേഹം ഒളിപ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു. പോലീസ് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തുന്നതിനാണ് ഇവർ ഇവിടെ വാടകയ്ക്ക് വീട് എടുത്തിരുന്നതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. തുടർന്ന് പോലീസ് ഇവർ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലങ്ങളിലെ വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതോടുകൂടിയാണ് ഇവർ നേരത്തെ താമസിച്ചിരുന്ന കോവളം പനങ്ങോടിനു സമീപമുള്ള വാടക വീടിനു സമീപത്തെ പതിനാലുകാരിയുടെ കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിൽ അമ്മയും മകനും കുറ്റമേറ്റു പറയുകയായിരുന്നു.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഷഫീഖ്, ഇത് പുറത്തു പറയാതിരിക്കാൻ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം ബലമായി തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബോധംകെട്ടു വീണ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവം റഫീക്ക് ബീവിക്കും അറിയാമായിരുന്നു തുടർന്നാണ് ഇവർ അവിടെ നിന്നും വാടക വീട് മാറിയത്. കോവളം പോലീസ് ആണ് ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതക കേസ് വിഴിഞ്ഞം പൊലീസ് ആണ് അന്വേഷിക്കുന്നത്. വിഴിഞ്ഞം പൊലീസ് അന്വേഷണം പൂർത്തിയാക്കി പ്രതികളെ കോവളം പോലീസിന് കൈമാറും.