കോൺഗ്രസ് ആരോപണങ്ങളിൽ മെറ്റയുടെ മറുപടി..

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി മെറ്റ. ഇന്ത്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ മെറ്റ അധികൃതർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ മെറ്റ ഓഫീസുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച നടന്നത്.

രാഹുൽ ഗാന്ധിയെ പരാമർശിക്കുന്ന പോസ്റ്റുകൾ മെറ്റ ബോധപൂർവം നിയന്ത്രിക്കുന്നുവെന്ന ആരോപണം സാധൂകരിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ട ചില തെളിവുകൾ കോൺഗ്രസ് സംഘം കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. എന്നാൽ, വ്യക്തമായ നയങ്ങളും സുതാര്യമായ നടപടിക്രമങ്ങളും അടിസ്ഥാനമാക്കിയാണ് ഉള്ളടക്കങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് മെറ്റയുടെ പോളിസി വിഭാഗം പ്രതിനിധികൾ മറുപടി നൽകിയെന്നാണ് റിപ്പോർട്ട്.

പോസ്റ്റുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഏഴുദിവസത്തിനകം പരസ്യമായ വിശദീകരണം നൽകണമെന്ന് നവംബർ 21-ന് യൂത്ത് കോൺഗ്രസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം എത്ര ഇന്ത്യൻ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നും അവയിൽ എത്രയെണ്ണം ഇപ്പോഴും തടയപ്പെട്ട നിലയിലാണെന്നും വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിയെ പരാമർശിക്കുന്നതും നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്നതുമായ പോസ്റ്റുകൾ സ്വമേധയാ തടയപ്പെടുന്നുവെന്ന ആരോപണത്തിലും മെറ്റ വിശദീകരണം നൽകണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. ഈ വിഷയങ്ങളിലാണ് കോൺഗ്രസ് പ്രതിനിധികൾ മെറ്റ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button