10 വർഷത്തിന് ശേഷം കുറ്റപത്രം; മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ..

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.

അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ട ഹരജികളിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് നവംബർ ആറിന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നവംബർ 26നകം കുറ്റപത്രം സമർപ്പിക്കാനും നിർദേശിച്ചു.വിവിധ വിജിലൻസ് കോടതികളിലുണ്ടായിരുന്ന കേസ് രേഖകൾ കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്.

പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച 15.85 കോടി രൂപയിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്. അഞ്ച് ശതമാനം പലിശയ്ക്ക് ലഭിച്ച വായ്പ ഉയർന്ന പലിശയ്ക്ക് വിതരണം ചെയ്തെന്നും വ്യാജ സ്വയംസഹായ സംഘങ്ങളുടെ പേരിൽ വായ്പകൾ കൈപ്പറ്റിയെന്നുമാണ് ആരോപണം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികൾ. 2016ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Back to top button