സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ; പിന്നാലെ കോടതിക്കെട്ടിടത്തിന്റെ…

സഹോദരിയെ കൊലപ്പെടുത്തുകയും ഭാര്യയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ കോടതിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടിയ പ്രതി മരിച്ചു. തിങ്കളാഴ്ച ബേലാപൂർ ജില്ലാ സെഷൻസ് കോടതി കെട്ടിടത്തിലായിരുന്നു സംഭവം. ശിക്ഷാവിധിക്ക് ശേഷം ഇയാളെ തലോജ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. നാഗേഷ് ബാബു ലാഡ് ആണ് മരിച്ചത്.
തിങ്കളാഴ്ച ബേലാപുർ കോടതിയിൽ ശിക്ഷ വിധിച്ച് മിനിറ്റുകൾക്കകമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ നാഗേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2019ൽ സഹോദരി സുനിതയെ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നാഗേഷിനെ കോടതി ശിക്ഷിച്ചത്. സഹോദരിയുടെ കൊലപാതകത്തിൽ ജീവപര്യന്തം തടവും ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് വർഷത്തെ കഠിനതടവുമാണ് ബേലാപുർ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.



