പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു…

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപി വിട്ട് പത്മിനി തോമസും. ബിജെപിയിൽ നിന്ന് രാജിവെച്ച പത്മിനി ഇന്ന് രാജിക്കത്ത് കൈമാറും. കോൺഗ്രസിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഫോണിൽ സംസാരിച്ചതായും പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ആർ. ശ്രീലേഖയ്ക്കും ഇതേ വികാരമാണെന്നും പത്മിനി പ്രതികരിച്ചു.

ബിജെപിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പത്മിനിയുടെ പ്രധാന ആരോപണം. പാർട്ടിയിലെ അതൃപ്തി ആർ. ശ്രീലേഖ തന്നോട് തുറന്നുപറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ബിജെപി നേതൃത്വം നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. സംസ്ഥാന നേതൃത്വം പല കാര്യങ്ങളും അറിയിച്ചിരുന്നില്ലെന്നും പത്മിനി ആരോപിച്ചു. ഉപാധികളൊന്നും മുന്നോട്ടുവെക്കാതെയാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ, ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായിപ്പോയി. പാർട്ടിയുടെ ആശയപരമായ നിലപാടുകളോട് എല്ലാ കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നില്ല. തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി വ്യക്തമാക്കി.

പാളയത്ത് മത്സരിച്ചത് സ്വന്തം താൽപര്യപ്രകാരമായിരുന്നില്ലെന്നും പത്മജയുടെ രാജിയല്ല തന്റെ തീരുമാനത്തിന് പ്രചോദനമെന്നും പത്മിനി പറഞ്ഞു. ഒരു വർഷം മുമ്പുതന്നെ കോൺഗ്രസിലേക്ക് മടങ്ങാനുള്ള തീരുമാനം എടുത്തിരുന്നു. ഒന്നും ആഗ്രഹിച്ചല്ല മടങ്ങുന്നത്. സ്വന്തം കുടുംബത്തിലേക്കാണ് തിരിച്ചുവരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തിരിച്ചുവരവ് സ്വന്തം തീരുമാനമാണെന്നും തെറ്റ് സംഭവിച്ചാൽ തിരുത്താനുള്ള അവസരം നേതൃത്വം നൽകണമെന്നും പത്മിനി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ നേരിൽ കാണുമെന്നും അവർ അറിയിച്ചു.

Related Articles

Back to top button