ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; യുവാവിനെ വിവാഹം കഴിക്കാനായി കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ സ്ത്രീയ്ക്ക് നിരാശ, ഉണ്ടായത് അപ്രതീക്ഷിത ട്വിസ്റ്റ്

ജീവിത പങ്കാളിയെ തേടിയുള്ള ഒരു കനേഡിയൻ വനിതയുടെ യാത്ര അവരെ ഇന്ത്യയിലെത്തിച്ചു. എന്നാൽ, ഏകദേശം ഒരു വർഷത്തോളം ആസൂത്രണം ചെയ്ത വിവാഹ പദ്ധതി, അവർ ഇന്ത്യയിലെത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ തകർന്നുപോയി. എംബസിയുടെയും പ്രാദേശിക പോലീസിന്റെയും ഇടപെടലിലേക്ക് നയിച്ചു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാനായി എത്തിയ സ്ത്രീയ്ക്കാണ് നിരാശ ബാക്കിയായത്.
ഇവരുടെ പ്രായം അറിഞ്ഞതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. രാജസ്ഥാനിലെ കോട്പുട്ലി-ബെഹ്റോർ ജില്ലയിലെ നീമ്രാനയിലാണ് സംഭവം. ഒരു വർഷം മുൻപാണ് ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയും സ്വകാര്യ സ്കൂൾ അദ്ധ്യാപകനുമായ നിതിൻ എന്ന യുവാവിനെ കനേഡിയൻ യുവതി ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിലൂടെ ഇരുവരും അടുത്ത സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.
തുടർന്നാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.വിവാഹത്തിനായി ടൂറിസ്റ്റ് വിസയിൽ നവംബർ 11നാണ് യുവതി ഡൽഹിയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയെ സ്വീകരിച്ച നിതിൻ അവരെ നീമ്രാനയിലുള്ള തന്റെ ബന്ധുക്കളുടെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് ദിവസത്തോളം ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു.വിവാഹക്കാര്യങ്ങൾ സംസാരിക്കുന്നതിനിടെയാണ് യുവതിക്ക് ഏകദേശം 61 വയസുണ്ടെന്ന കാര്യം നിതിൻ അറിയുന്നത്.
ഇതോടെ നിതിൻ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വലിയ തർക്കത്തിനും കാരണമായിരുന്നു. തുടർന്ന് നവംബർ 13ന് യുവതി കനേഡിയൻ എംബസിയെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയും എംബസിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നീമ്രാന പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
നിലവിൽ നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കനേഡിയൻ യുവതിയെ കോട്പുട്ലിയിലെ കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ചോദ്യം ചെയ്യലിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



