സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ 4.25 കോടിയുടെ തട്ടിപ്പ്; നിക്ഷേപത്തുക മുൻ സെക്രട്ടറി…

സിപിഎം അരനൂറ്റാണ്ടോളമായി ഭരിക്കുന്ന നന്തിപുലം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്. ബാങ്കിന്റെ നിക്ഷേപ ഫണ്ടിൽനിന്ന് 4.25 കോടി രൂപയോളം കൈക്കലാക്കിയ മുൻ സെക്രട്ടറി തുക സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് കണ്ടെത്തൽ. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹി കൂടിയായിരുന്ന ഇയാൾ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് തട്ടിപ്പ് നടത്തിയത്.

ബാങ്കിലെ ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. തുടർന്ന് ഭരണസമിതി തന്നെ പൊലീസിൽ പരാതി നൽകി. തട്ടിപ്പിലൂടെ നഷ്ടമായ പണം മുൻ സെക്രട്ടറിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹകരണ ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ അറിയിച്ചു.

കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസത്തെ ഇടപാടുകൾ പരിശോധിക്കുന്നതിനിടെയാണ് നിക്ഷേപ ഫണ്ടിൽനിന്ന് പലതവണയായി പണം പിൻവലിച്ചതായി കണ്ടെത്തിയത്. വിശദമായ ഓഡിറ്റിൽ മറ്റു ബാങ്കുകളിലായി നന്തിപുലം സഹകരണ ബാങ്ക് നിക്ഷേപിച്ചിരുന്ന തുകയിൽനിന്ന് 4.25 കോടി രൂപയോളം നഷ്ടപ്പെട്ടതായി വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പണം മുൻ സെക്രട്ടറി സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി കണ്ടെത്തിയത്.

Related Articles

Back to top button