കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി… പരീക്ഷ എഴുതാനുള്ള അനുമതി…

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് തിരിച്ചടി. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർവകലാശാലയുടെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. സമരത്തിന്റെ പേരിൽ സസ്പെൻഷനിലായ 16 വിദ്യാർഥികൾ 60 ദിവസത്തിലേറെയായി നടപടികൾ നേരിടുകയാണ്. ഓഗസ്റ്റ് 13ന് നടത്തിയ സമരത്തിന്റെയും പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തെന്ന ആരോപണം ഉൾപ്പെടെയുള്ളവയാണ് സസ്പെൻഷൻ നടപടിയിലേക്ക് നയിച്ചത്.
സസ്പെൻഷനിലുള്ള വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ വിദ്യാർഥികൾക്കില്ലെന്നാണ് സർവകലാശാല കോടതിയിൽ ഉന്നയിച്ച വാദം. അതേസമയം, പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു. സസ്പെൻഷനിലുള്ള 16 പേരിൽ 12 വിദ്യാർഥികളെ തിരിച്ചെടുക്കാമെന്ന് നേരത്തെ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്നായിരുന്നു നിബന്ധന. എന്നാൽ മാപ്പപേക്ഷ നൽകില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. കോടതി ഉത്തരവിനെതിരേ മേൽക്കോടതിയെ സമീപിക്കുമെന്നും സമരം തുടരുമെന്നും സമരത്തിലുള്ള എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു. സസ്പെൻഷനിലുള്ളവരിൽ പത്തുപേർ പി.എച്ച്.ഡി ഗവേഷകരാണ്. ഇവരിൽ ആറുപേർക്ക് നാളെ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.




