തിരുവനന്തപുരം… അച്ഛന്റെ സുഹൃത്ത്… 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു….

തിരുവനന്തപുരം: സ്കൂളിലേക്ക് അനുജനൊപ്പം നടന്നുപോകുകയായിരുന്ന 14-കാരിയെ അച്ഛന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈൻ എന്ന കിച്ചാമണി (35)യെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും ഒൻപത് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി അനുവദിക്കുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

2025 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.45ഓടെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയുടെയും അനുജന്റെയും അടുത്തേക്ക് ബൈക്കിലെത്തിയ പ്രതി, കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി. സ്കൂളിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ഇരുവരെയും ബൈക്കിൽ കയറ്റി. പാതി വഴിയിൽ അനുജനെ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കടയിലേക്ക് കൊണ്ടുപോയി. തുടർന്ന് തിരിച്ചുവരുന്നതിനിടെ ഒരിടവഴിയിൽ ബൈക്ക് നിർത്തി കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കേസിൽ പറയുന്നു. പിന്നീട് അനുജനെയും ബൈക്കിൽ കയറ്റി ഇരുവരെയും സ്കൂളിൽ എത്തിച്ചു. വീട്ടുകാരുടെ സമ്മതമില്ലാതെ ബൈക്കിൽ കയറിയതിന് വഴക്കുപറയുമെന്ന ഭയവും പ്രതിയുടെ ഭീഷണിയും കാരണം കുട്ടി ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. കുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ശ്രദ്ധിച്ച സുഹൃത്ത് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

സുഹൃത്ത് സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് ഇതേ കോടതിയിൽ വിചാരണയിലുണ്ട്. 12-കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി ഇയാളെ നേരത്തെ ശിക്ഷിച്ചിരുന്നു. ആ വിധിയുടെ പകർപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹനും അഭിഭാഷകരായ ബിന്ദു വി.സി., സുരഭി പി. എന്നിവരും ഹാജരായി. തുമ്പ പോലീസ് ഇൻസ്പെക്ടർ ബിനു ആർ., സബ് ഇൻസ്പെക്ടർ ബിജു ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകളും എട്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Related Articles

Back to top button