കള്ളനോട്ട് കേസ്: അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്

കൊല്ലത്തെ കള്ളനോട്ട് കേസിൽ അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ, നോട്ട് ഇരട്ടിപ്പിക്കൽ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസിലെ പ്രതിയായ സിബിയോണിന് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.

തിമിംഗല ഛർദി (ആംബർഗ്രിസ്) വിൽപ്പനയുടെ പേരിലും പണം തട്ടിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സിബിയോണിന്റെ ലോക്കറിൽനിന്ന് കണ്ടെത്തിയ തിമിംഗല ഛർദിയുടെ പരിശോധനാഫലം കേസിൽ നിർണായകമാകും. ഇത് വ്യാജമായി നിർമിച്ചതാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

സിബിയോണിന്റെ ബാങ്ക് അക്കൗണ്ടിലൂടെ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ഇടപാടുകളുടെ ഉറവിടവും ലക്ഷ്യവും പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണം സിബിയോൺ പണയപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകൾക്കും കേസിലെ മറ്റ് സാമ്പത്തിക ഇടപാടുകൾക്കും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button