കൊഴിഞ്ഞാമ്പാറ ഇരട്ടകൊലപാതകം: അമ്മ നിവേദ്യയുടെ ആൺസുഹൃത്ത്…

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് കുഞ്ഞുങ്ങളെ സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ വിശദീകരണം. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപത്തുള്ളയാളാണ് കസ്റ്റഡിയിലുള്ളത്.

നിവേദ്യയെ ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ പങ്ക് പുറത്തുവന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സെപ്റ്റംബർ 29നാണ് അഞ്ച് വയസ്സുകാരി ജെനിഫറിനെയും മൂന്ന് വയസ്സുകാരനായ സഹോദരൻ റോബിനെയും വീടിന് മുന്നിലെ കുളിമുറിയിലുള്ള സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ പിതാവ് ജോൺകുമാർ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

അറസ്റ്റിലായ സമയത്ത് ജോലിക്ക് പോകണമെന്നും കുട്ടികൾ അതിന് തടസ്സമാകുന്നുവെന്നും നിവേദ്യ പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. മോഡലിങ്ങിനും സ്വതന്ത്രമായ ജീവിതത്തിനുമുള്ള ആഗ്രഹവും പ്രതി വെളിപ്പെടുത്തിയതായിരുന്നു. സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിന്റെ പങ്ക് പുറത്തുവന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സംഭവത്തിൽ ഇരുവർക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

Related Articles

Back to top button