യാത്രക്കാർ ശ്രദ്ധിക്കുക! ഒക്ടോബർ 27 ചൊവ്വാഴ്ച കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയതായും മൂന്ന് ട്രെയിനുകൾ വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു. യാത്രയ്ക്ക് പുറപ്പെടുന്നവർ പുതുക്കിയ സമയക്രമം പരിശോധിച്ച് യാത്ര ആസൂത്രണം ചെയ്യണം.
കെഎസ്ആർ ബെംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. അന്നേ ദിവസം ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ഇതേ ട്രെയിനിന്റെ മടക്ക സർവീസായ എറണാകുളം ജങ്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ റദ്ദാക്കി. മടക്കയാത്രയിൽ തൃശ്ശൂരിൽനിന്ന് വൈകിട്ട് 3.20നാകും ട്രെയിൻ പുറപ്പെടുക.
എറണാകുളം ജങ്ഷൻ–ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ചൊവ്വാഴ്ച പതിവ് സമയത്തിൽനിന്ന് മാറ്റി ഉച്ചയ്ക്ക് 2.55ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടും.
മറ്റ് ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരു മണിക്കൂറും 15 മിനിറ്റും വൈകിയോടും. തിരുവനന്തപുരം സെൻട്രൽ–ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരു മണിക്കൂറും 20 മിനിറ്റും വൈകും. തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577) 40 മിനിറ്റ് വൈകിയാകും സർവീസ് നടത്തുക.



