സി.പി.എമ്മിൽ തിരുത്തലിന്റെ ആദ്യഘട്ടം കഴിഞ്ഞു ; സംസ്ഥാന..

തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽനിന്ന് പാർട്ടിയെ ഉയർത്താനുള്ള സി.പി.എം. ശ്രമത്തിന്റെ ആദ്യഘട്ടം കഴിഞ്ഞു. വിശാല ജില്ലാകമ്മിറ്റികളുടെ അവലോകനത്തിനായുള്ള രണ്ടുദിവസത്തെ സംസ്ഥാന സമിതിയോഗം വ്യാഴാഴ്ച തുടങ്ങും. സംസ്ഥാനസെക്രട്ടറിക്ക് താക്കീതു നൽകിക്കൊണ്ടാണ്, വിശാല സംസ്ഥാന സമിതിയോഗം കഴിഞ്ഞത്. പിന്നാലെ വിശാല ജില്ലാകമ്മിറ്റികളും പൂർത്തിയാക്കി. പാലക്കാട് ജില്ലാസെക്രട്ടറി സുരേഷ് ബാബുവിനെ മാറ്റിയത് മാത്രമാണ്, ഗൗരവമുള്ള മാറ്റം.

വർഗബഹുജന സംഘടനകളുടെ ഭാരവാഹികളെ കമ്മിറ്റികളിൽ ഉൾപ്പെടുത്തി പാർട്ടിയിൽ എല്ലാമേഖലകളിൽനിന്നുമുള്ളവരുടെ ശബ്ദവും കേൾക്കാൻ പാകത്തിൽ മാറ്റിയെടുത്തുവെന്നതാണ് ആദ്യഘട്ട തിരുത്തൽ നടപടിയിലെ മാറ്റം. തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം, പാർട്ടിയെ അടിമുടി മാറ്റി ഉയിർത്തെഴുന്നേൽപ്പിക്കുക എന്നതാണ് വിശാല കമ്മിറ്റികളിലൂടെ സി.പി.എം. ലക്ഷ്യമിട്ടത്. ഇതിനുള്ള സംഘടനാപരമായ പുതുക്കിയെടുക്കലാണ് യോഗങ്ങളിൽ നടന്നത്.

വിഭാഗീയ നീക്കങ്ങളെ അനുനയപൂർവം ഇല്ലാതാക്കുക എന്ന രീതി കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നേതൃത്വം സ്വീകരിച്ചു. കാസർകോട്ടെ മുതിർന്ന നേതാവായ എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചതാണ് വിശാല യോഗങ്ങൾക്കിടയിൽ പുറത്തേക്കുവന്ന അസ്വാരസ്യം. യു.ഡി.എഫ്. സർക്കാരിനെതിരേയുള്ള പ്രചാരണം വേണ്ടത്ര ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന വിമർശനം സി.പി.എമ്മിലുണ്ട്. തിരുത്തൽ നടപടിയുടെ രണ്ടാംഘട്ടമായി ഇനി ചടുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യം.

എൽ.ഡി.എഫ്. എന്ന നിലയിലുള്ള കൂട്ടായ പ്രവർത്തനം പ്രതിപക്ഷത്തില്ല എന്നതും ഒരു പ്രശ്നമായി നിൽക്കുകയാണ്. ഇക്കാര്യത്തിൽ സി.പി.ഐ.യുടെ നിലപാടുകളിൽ കടുത്ത അതൃപ്തിയാണ് സി.പി.എമ്മിനുള്ളത്. വിശാല ജില്ലാകമ്മിറ്റി യോഗങ്ങളിൽ സി.പി.ഐ.യോട് വിട്ടുവീഴ്ച വേണ്ടതില്ലെന്നും അവർ മുന്നണി വിട്ടുപോകുന്നുണ്ടെങ്കിൽ പോകട്ടെയെന്നുമുള്ള അഭിപ്രായങ്ങളുയർന്നിരുന്നു. എങ്കിലും, സർക്കാരിനു നേരേയുള്ള പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുന്നതിൽ മുന്നണിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന അഭിപ്രായം സി.പി.എമ്മിനുണ്ട്. സംസ്ഥാനസമിതി യോഗത്തിനുശേഷം എൽ.ഡി.എഫ്. യോഗം വിളിച്ച് ഭാവിപരിപാടികൾ തീരുമാനിക്കാനുള്ള ഇടപെടലും സി.പി.എം. നടത്തും.

Related Articles

Back to top button