എസ്എംഎ മരുന്ന് വിവാദം… ‘ക്ലിനിക്കൽ ട്രയൽ’ ലേബലുള്ള മരുന്നുകൾ….

തിരുവനന്തപുരം: മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്നുകൾ തിരിച്ചുവിളിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത, ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ ലേബലിലുള്ള മരുന്നുകളാണ് തിരിച്ചുവിളിച്ചത്. മരുന്നുകൾ അടിയന്തരമായി ആശുപത്രിയിൽ തിരിച്ചെത്തിക്കണമെന്ന് ആറു കുട്ടികളുടെ മാതാപിതാക്കൾക്ക് നിർദേശം നൽകി.
അതേസമയം, ‘ക്ലിനിക്കൽ ട്രയൽ’ എന്ന ലേബലില്ലാത്ത ഇന്ത്യൻ നിർമിത മരുന്നുകൾ വിതരണം ചെയ്യുന്നത് തുടരുമെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ലേബലുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് മരുന്നുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. നേരത്തെ എസ്എംഎ ബാധിതരായ കുട്ടികൾക്ക് വിദേശത്ത് നിർമിച്ച മരുന്നുകളാണ് നൽകിയിരുന്നത്. ഒരു ഡോസിന് ഏകദേശം അഞ്ചുലക്ഷം രൂപ വിലവരുന്ന മരുന്നുകളായിരുന്നു ഇവ. ഇതിന് പകരമായി ഇന്ത്യൻ നിർമിത മരുന്നുകൾ വിതരണം ചെയ്യാനുള്ള നടപടികളാണ് പിന്നീട് ആരംഭിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ത്യൻ നിർമിത മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയെ നിയോഗിക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ മരുന്ന് വാങ്ങുന്നതിൽ അന്തിമ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ടുമാസത്തിന് ശേഷം ജൂലൈ അഞ്ചിന് ഇന്ത്യൻ നിർമിത മരുന്ന് വാങ്ങാനുള്ള കരാറിലെത്തി.
ഒക്ടോബർ ആദ്യവാരത്തോടെ ടെൻഡർ നടപടികളും പൂർത്തിയാക്കി. ഈ മാസം മുതലാണ് എസ്എംഎ ബാധിതരായ കുട്ടികൾക്ക് ഇന്ത്യൻ നിർമിത മരുന്നുകൾ നൽകിത്തുടങ്ങിയത്. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നതോടെ ഉയർന്ന പരാതികൾ പരിശോധിക്കുന്നതിൽ സർക്കാരിന് മടിയില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ തിരിച്ചുവിളിച്ചെങ്കിലും ഇന്ത്യൻ നിർമിത മരുന്നുകളുടെ വിതരണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മരുന്നുകളുടെ ലേബലുമായി ബന്ധപ്പെട്ട വിവാദം രോഗബാധിതരായ കുട്ടികളുടെ ചികിത്സയിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.




