പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് നിയന്ത്രണം

ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നിയന്ത്രണം. പ്രദർശനത്തിനായി എത്തിച്ച ചിത്രങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ബിക്കാനീർ ഹൗസ് അധികൃതർ റെയ്‌ഹാൻ വാദ്രയോട് ആവശ്യപ്പെട്ടു. പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവാദമാണ് നടപടിക്ക് പിന്നിലെന്നാണ് വിവരം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങൾ അനുചിതമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതായും ദേശീയ പതാകയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റെയ്‌ഹാൻ വാദ്ര പറഞ്ഞു. എന്നാൽ ചിത്രങ്ങൾ നീക്കണമെന്ന നിർദേശം താൻ പൂർണമായും നിരസിച്ചതായി റെയ്‌ഹാൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ബിക്കാനീർ ഹൗസിൽ നിശ്ചയിച്ച ചിത്രപ്രദർശനം ഭാഗികമായി മാത്രമേ നടത്താനാകൂവെന്നും അദ്ദേഹം അറിയിച്ചു. ബിക്കാനീർ ഹൗസിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത ചിത്രങ്ങൾ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കാനാണ് തീരുമാനമെന്നും റെയ്‌ഹാൻ വാദ്ര വ്യക്തമാക്കി.

Related Articles

Back to top button