ഹൈക്കോടതിയുടെ ‘ജെൻസി’ പരാമർശം ; മോദിയുടെ ചിത്രവുമായി മറുപടി നൽകി അഭിജീത് ദീപ്കെ

ജന്തർ മന്തറിലെ അനുമതിയില്ലാത്ത പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്‌റോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കുറിച്ചുള്ള ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങളെ പരിഹസിച്ച് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. കോടതിയിൽ നൽകിയ ഹർജിയുടെ വാദത്തിനിടെ സൗരവ് ദാസും അശുതോഷ് രങ്കയും ‘ജെൻസി’ അല്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച ദീപ്‌കെ, ‘ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്’ എന്ന് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

കസ്റ്റഡി ഉത്തരവ് ചോദ്യം ചെയ്ത് സൗരവ് ദാസും അശുതോഷ് റങ്കയും സമർപ്പിച്ച ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇരുവരെയും ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ഉടനെ ഇവരുടെ കേസ് പരിഗണിക്കും.

ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ബോണ്ട് വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യത്തെ ബോണ്ട് വ്യവസ്ഥ ലംഘിക്കുന്നത് തെറ്റായ പ്രവണതയല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. അനുമതിയില്ലാതെ ബാരിക്കേഡുകൾ തകർത്ത് ജന്തർ മന്തറിലേക്ക് കടക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഇത്തരം പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുണ്ടെന്നും വിദേശ രാജ്യങ്ങളിലെ പ്രതിഷേധങ്ങൾ ഉദാഹരിച്ച് കോടതി നിരീക്ഷിച്ചു. 27-ഉം 31-ഉം വയസ്സുള്ള ഹർജിക്കാർ ‘ജെൻസി’ വിഭാഗത്തിൽ പെടുന്നവരല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സമാധാന അന്തരീക്ഷത്തിന് ഭീഷണിയുണ്ടെന്ന് കാണുമ്പോൾ ഇത്തരം കാര്യങ്ങൾ മജിസ്ട്രേറ്റിന് പരിശോധിക്കേണ്ടി വരുമെന്നും കേസിൽ നിന്ന് സംഘടനയുടെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Related Articles

Back to top button