എസ്ബിഐ ഡാറ്റാ ചോർന്നു… 3,897 ഉപഭോക്തൃ രേഖകൾ ഡാർക്ക് വെബിൽ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 3,897 ഉപഭോക്തൃ രേഖകളാണ് ഡാർക്ക് വെബിൽ കണ്ടെത്തിയത്. പേരുകൾ, മൊബൈൽ നമ്പറുകൾ, ജനനതീയതി, ഇ-മെയിൽ വിലാസം, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ചോർന്നതായാണ് വിവരം. ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകൾ, വായ്പാ അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബാങ്ക് ശാഖകളുടെ വിവരങ്ങൾ, മറ്റ് അനുബന്ധ രേഖകളുടെ മെറ്റാഡാറ്റ എന്നിവയും ചോർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ എസ്ബിഐ സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരച്ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഒക്ടോബർ 16ന് ലഭിച്ചതായി ബാങ്ക് അറിയിച്ചു. ത്രെട്ട് ഇന്റലിജൻസ് സേവനദാതാവ്, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) എന്നിവരിൽ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. അതേസമയം, ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ വിവരച്ചോർച്ച ബാധിച്ചിട്ടില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. കണ്ടെത്തിയ രേഖകളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. ‘സിറിയസിം’ എന്ന പേരിലുള്ള ഹാക്കർ സംഘം 3.75 ലക്ഷം എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ കൈവശമുണ്ടെന്ന് ഡാർക്ക് വെബ് ഫോറമായ ‘ബ്രീച്ച് ഫോറംസിൽ’ അവകാശപ്പെട്ടതായി ഇന്ത്യ ടുഡേ ടെക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വിവരച്ചോർച്ചയ്ക്ക് പിന്നിൽ ആരാണെന്ന് ബാങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.




