കോവളം സ്പാ പീഡനക്കേസ്… കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഡിജിപി

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേരിലേക്ക് അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ വ്യക്തമാക്കി. കേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഏകദേശം 800-ഓളം സ്പാകളാണ് പ്രവർത്തിക്കുന്നത്. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നിടങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും, എവിടെ പരാതികൾ ഉയർന്നാലും കൃത്യമായി പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
പതിനാറുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ തമിഴ്നാട് ഗുഡുവാഞ്ചേരി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ ഗുഡുവാഞ്ചേരിയിലെ സ്പായിൽ എത്തിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നേരത്തെ സീറോ എഫ്.ഐ.ആർ കോവളം പൊലീസ് രജിസ്റ്റർ ചെയ്ത് കൈമാറിയിരുന്നു. ഗുഡുവാഞ്ചേരി പൊലീസ് സി.ഡബ്ല്യു.സിക്ക് (CWC) അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും തമിഴ്നാട്ടിലേക്ക് പരിശോധനയ്ക്ക് എത്തിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ അന്വേഷണസംഘം ഇന്ന് യോഗം ചേരും. കേസിൽ റിമാൻഡിലുള്ള സ്പാ ഉടമയും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതിയുടെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്. അനുരൂപിന്റെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ അക്കൗണ്ടുകൾ വഴി വലിയ തോതിൽ പണം എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പണത്തിന്റെ ഉറവിടം, ഇടപാടുകളുടെ സ്വഭാവം, സ്പാ ശൃംഖലയുമായുള്ള ബന്ധം എന്നിവയെല്ലാം പൊലീസ് പരിശോധിക്കും. സ്പായിലെത്തിയ യുവതികളെ പീഡിപ്പിച്ചവരെന്ന് സംശയിക്കുന്ന ഇടപാടുകാരിലേക്കും അന്വേഷണം നീളുകയാണ്. ഇടപാടുകാരുടെ ഗൂഗിൾ പേ വിവരങ്ങൾ (GPay), ഫോൺ നമ്പറുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ സൈബർ സംഘത്തിന് കൈമാറിയിട്ടുണ്ട്. രണ്ടാഴ്ചത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് നീക്കം. യുവതിയുടെ മൊഴിയുടെയും തിരിച്ചറിയൽ നടപടികളുടെയും അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടും. പീഡനക്കേസിൽ പോക്സോ (POCSO) ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.



