ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ അനധികൃത ഖനനം… പൂജ അവധിയുടെ മറവിൽ…

ഇടുക്കി: പൂജ വയ്പു അവധി ദിവസങ്ങളുടെ മറവിൽ ഇടുക്കി കുടയത്തൂരിൽ വ്യാപകമായ അനധികൃത ഖനനം. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സുപ്രധാന മേഖലയ്ക്ക് സമീപത്തു നിന്നുമാണ് അനുമതിയില്ലാതെ പാറ പൊട്ടിച്ച് കടത്തിയത്. ദുരന്തമേഖലയിൽ വൻതോതിൽ ഖനനം നടന്നതോടെ പ്രദേശവാസികൾ കനത്ത ആശങ്കയിലാണ്.
2022 ഓഗസ്റ്റ് 28-ന് കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂരിൽ അഞ്ചുപേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ ദുരന്തഭൂമിക്ക് തൊട്ടടുത്താണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഖനനം നടക്കുന്നത്. കുടയത്തൂർ സ്വദേശി തെരുവക്കാട്ടിൽ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സംഭവം. ഇയാൾ നൽകിയ കരാറിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പാറ പൊട്ടിച്ചത്. പഞ്ചായത്തിന്റെയോ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെയോ യാതൊരുവിധ അനുമതിയും നേടാതെയായിരുന്നു ഈ പ്രവർത്തനങ്ങൾ. ഇവിടെ നിന്ന് പൊട്ടിച്ച പാറ ലോറികളിൽ കയറ്റി പുറത്തേക്ക് കടത്തിയെന്നും ശക്തമായ ആരോപണമുണ്ട്.
സമീപ പ്രദേശമായ അടൂർമലയിൽ രണ്ടുമാസം മുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരണപ്പെട്ടിരുന്നു. മഴ കനക്കുമ്പോൾ പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് ആളുകളെ ഇവിടെ നിന്നും സ്ഥിരമായി മാറ്റിപ്പാർപ്പിക്കാറുള്ള പ്രദേശമാണിത്. വലിയൊരു ദുരന്തം ആവർത്തിക്കാൻ സാധ്യതയുള്ള സ്ഥലത്ത്, മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി അനധികൃത ഖനനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.




