ഉപരോധം പിന്‍വലിക്കാതെ സമാധാന ചര്‍ച്ചയില്ല… അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി…

ടെഹ്റാന്: സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെങ്കില്‍ അമേരിക്ക ആദ്യം സാമ്പത്തിക സമ്മര്‍ദങ്ങളും ഉപരോധങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ആവശ്യപ്പെട്ടു. ഏതൊരു ചര്‍ച്ചയ്ക്കും മുന്നോടിയായി ഭീഷണികളും ഉപരോധങ്ങളും അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കയെ ഇറാന് ഒട്ടും വിശ്വസിക്കുന്നില്ലെന്നും, വീണ്ടും ആക്രമണമുണ്ടായാൽ മേഖലയിലുടനീളം കനത്ത നാശം വിതയ്ക്കുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി.
രാജ്യത്തിന് നേരെയുള്ള ഏതൊരു പുതിയ നീക്കത്തിനും സായുധ സേനയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാന് സായുധ സേനാ മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ളഹിയും വ്യക്തമാക്കി. ഇറാനുമായി സമാധാന കരാറിലെത്തുന്നത് അതീവ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ചരക്കു കപ്പലുകളെ ലക്ഷ്യമിടുന്നത് നിര്‍ത്തുന്നതുവരെ ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാന് ഭരണകൂടത്തിന്റെ ഉന്മൂലനം പൂര്‍ത്തിയാക്കാന്‍ താനും പ്രസിഡന്റ് ട്രംപും പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആവർത്തിച്ചു. അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ പ്രോട്ടോക്കോള്‍ ലംഘിച്ച ഒരു സൂപ്പര്‍ ടാങ്കര്‍ മൈനില്‍ ഇടിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ഈ പ്രദേശത്ത് ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.




