വിഴിഞ്ഞം തുറമുഖ രണ്ടാംഘട്ടം: നിർമാണം പുനരാരംഭിക്കാൻ സർക്കാർ ഇടപെടൽ; ഉന്നതതലയോഗം ഉടൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം തടസ്സപ്പെട്ടതിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തുറമുഖ–പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തെ വീണ്ടും സമീപിച്ച് ആവശ്യമായ അനുമതി ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.
രണ്ടാംഘട്ട നിർമാണത്തിന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ലെന്നാണ് തീരസംരക്ഷണ മാനേജ്മെന്റ് അതോറിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരു യൂണിറ്റിലെ ഉദ്യോഗസ്ഥർ പുളിങ്കുടി തീരത്തെ നിർമാണ പദ്ധതി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ തുറമുഖ–പരിസ്ഥിതി വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ വകുപ്പ് സെക്രട്ടറിമാർ യോഗം ചേർന്ന് സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കും. തുടർന്ന് വീണ്ടും പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടും.




